രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ ബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. ഇതേ കേസിൽ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.
അതിനിടെ, പരാതിക്കാരിയായ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കി. യുവതിയെ അധിക്ഷേപിച്ചതിന് അഞ്ചുപേർക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സൈബർ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് സംശയകരമായ പ്രൊഫൈലുകൾ. യുവതിയുടെ പേര് വെളിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.