ഗുവാഹട്ടി: ഗായകന്‍ സുബീന്‍ ഗിന്റെ മരണവുമായി ബന്ധപ്പെട്ട് അസം പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ (സിഐഡി) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പോലീസ് ഉദ്യോഗസ്ഥനും ഗാര്‍ഗിന്റെ അടുത്ത ബന്ധുവുമായ സന്ദീപന്‍ ഗാര്‍ഗിനെ അറസ്റ്റ് ചെയ്തു. നിലവില്‍ കാംരൂപ് ജില്ലയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്ഠിക്കുകയാണ് സന്ദീപന്‍ ഗാര്‍ഗി. കാംരൂപ്-മെട്രോപൊളിറ്റന്‍ ജില്ലയിലെ സിജെഎം കോടതി സന്ദീപന്‍ ഗാര്‍ഗിനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.ഗായകന്റെ മരണത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് അടുത്ത ബന്ധുകൂടിയായ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത്.
കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പായി സന്ദീപനെ നാല് ദിവസം സിഐഡി ചോദ്യം ചെയ്തിരുന്നു. ഗാര്‍ഗിന്റെ പിതാവിന്റെ സഹോദരന്റെ മകനാണ് സന്ദീപന്‍.'ചോദ്യം ചെയ്യലിന് ശേഷം ഇന്ന് സന്ദീപനെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍, എനിക്ക് അതില്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അയാളെ കോടതിയില്‍ ഹാജരാക്കും, പോലീസ് കസ്റ്റഡി ആവശ്യപ്പെടും,' 10 അംഗ എസ്‌ഐടിക്ക് നേതൃത്വം നല്‍കുന്ന അസം പോലീസ് സ്‌പെഷ്യല്‍ ഡിജിപി (സിഐഡി) എംപി ഗുപ്ത പറഞ്ഞു.