ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് ഇരു നേതാക്കളും തമ്മിൽ നിർണായകമായ കൂടിക്കാഴ്ച നടന്നത്.
ചൈനയുമായുള്ള ബന്ധം മനുഷ്യരാശിയുടെ പുരോഗതിക്ക് അനിവാര്യമാണെന്നും അത് നന്നായി കൊണ്ടുപോകുമെന്നും മോദി ഊന്നിപ്പറഞ്ഞു. ഗാൽവാൻ സംഘർഷങ്ങൾക്കും കോവിഡ് മഹാമാരിക്കും ശേഷം റദ്ദാക്കിയ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി എന്നത് ശ്രദ്ധേയമാണ്.
നിലവിൽ, ഇരു അതിർത്തികളിലും ശാന്തമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അതിർത്തി തർക്കങ്ങൾ പൂർണ്ണമായും പരിഹരിക്കുന്നതിനുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും മോദി വ്യക്തമാക്കി. 40 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ പ്രധാന തീരുമാനങ്ങൾ ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ.