വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും. തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുകയാണെങ്കിൽ പോലും അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം. പാർട്ടിയിൽ നിലവിൽ കൂടുതൽ ക്രമീകരണങ്ങളോ മാറ്റങ്ങളോ വരുത്തുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നീക്കം.
തിരഞ്ഞെടുപ്പ് കാലത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാൾ വരുന്നതിനെച്ചൊല്ലിയുണ്ടാകാവുന്ന തർക്കങ്ങളും ഗ്രൂപ്പ് പോരുകളും ഒഴിവാക്കുകയാണ് ലക്ഷ്യം. നേരത്തെ കെ. സുധാകരൻ മത്സരിച്ച സമയത്ത് എം.എം ഹസന് താൽക്കാലിക ചുമതല നൽകിയത് വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ചിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സണ്ണി ജോസഫ് തന്നെ സ്ഥാനത്ത് തുടരട്ടെ എന്ന കർശന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വരും ബുധനാഴ്ച പ്രഖ്യാപിക്കും. സിറ്റിംഗ് എംഎൽഎമാരും വിജയസാധ്യതയുള്ള പുതുമുഖങ്ങളും പട്ടികയിൽ ഇടംപിടിക്കും. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കെ. ബാബുവും, കേസുകളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെയും ആദ്യഘട്ട പട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. കെ. ബാബു താൻ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എങ്കിലും ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തിയാൽ അദ്ദേഹം വീണ്ടും മത്സരരംഗത്തേക്ക് വരാനും സാധ്യതയുണ്ട്.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഘടകകക്ഷികളുമായുള്ള ചർച്ചകളും വരും ദിവസങ്ങളിൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് സജീവമായി കടക്കാനാണ് യുഡിഎഫ് തീരുമാനം.