തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി. അശോക് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകി. ജയകുമാറിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
സർക്കാരിൽ നിന്ന് ശമ്പളം പറ്റുന്ന ഒരാളെ ദേവസ്വം ബോർഡ് പ്രസിഡന്റായോ അംഗമായോ നിയമിക്കാൻ പാടില്ലെന്ന് തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ ഏഴാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ഡയറക്ടറായി പ്രവർത്തിക്കുന്ന കെ. ജയകുമാർ സർക്കാരിൽ നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുള്ള നിയമനം നിയമവിരുദ്ധമാണെന്നാണ് ബി. അശോക് ഹർജിയിൽ വാദിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും ഇതിനായി ഹാജരാക്കിയിട്ടുണ്ട്.
എന്നാൽ, താൻ ഇരട്ടപ്പദവി വഹിക്കുന്നില്ലെന്ന് കെ. ജയകുമാർ പ്രതികരിച്ചു. ഐ.എം.ജി ഡയറക്ടർ സ്ഥാനത്തേക്ക് പുതിയ ഒരാളെ നിയമിച്ചാൽ താൻ ആ പദവി ഒഴിയുമെന്നും നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് പുതിയ നിയമനം നടക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഐ.എം.ജി ഡയറക്ടർ എന്ന നിലയിൽ തനിക്ക് ലഭിക്കുന്നത് കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുള്ള ശമ്പളമല്ലെന്നും സർക്കാർ നേരിട്ടല്ല ശമ്പളം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.