കാലിഫോർണിയ: അമേരിക്കയിൽ കാലിഫോർണിയ നഗരത്തെ ഞെട്ടിച്ച് പകൽക്കൊള്ള. തിങ്കളാഴ്ച സാൻ റാമോണിലെ ഹെല്ലർ ജ്വല്ലേഴ്‌സിലാണ് സംഘം ചേർന്നെത്തിയവർ ക്ഷിപ്രവേഗത്തിൽ കൊള്ളയടിച്ച് കടന്നുകളഞ്ഞത്. 25 ഓളം പേരടങ്ങുന്ന സംഘം ജ്വല്ലറിയിലേക്ക് ഇരച്ചു കയറി ആഭരണങ്ങൾ കൊള്ളയടിക്കുകയായിരുന്നു. ഏകദേശം 1 മില്യൺ യുഎസ് ഡോളർ (8 കോടി രൂപ) വിലവരുന്ന ആഭരണങ്ങൾ ഇവർ കവർന്നു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.
തോക്കുകൾ, ക്രോബാറുകൾ, പിക്കാക്സുകൾ എന്നിവയുമായാണ് സംഘം കടയിലേക്ക് അതിക്രമിച്ചു കയറിയത്. ഇരച്ചു കയറ്റത്തിൽ ഭയന്ന് വിറച്ച ഉപഭോക്താക്കളും ജീവനക്കാരും പല വഴിക്കായി ചിതറിയോടി. സമയം പാഴാക്കാതെ കവർച്ചക്കാർ പ്രദർശനത്തിന് വച്ചിരുന്ന ആഭരണങ്ങളുടെ ചില്ലുകൂടുകൾ തകർത്ത് ആഭരണങ്ങൾ വാരി ബാഗിൽ നിറക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
കടയുടെ നൂറ് മീറ്റർ അകലെ പാർക്ക് ചെയ്ത ആറ് വാഹനങ്ങളിലായാണ് കൊള്ളക്കാർ എത്തിയത്. 17 നും 31 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെല്ലാം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്