മലപ്പുറം: കാളികാവിന് സമീപം അടക്കാക്കുണ്ടിൽ കടുവ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മലപ്പുറം ഡി.സി.സി അധ്യക്ഷൻ വി.എസ്. ജോയ്. മനുഷ്യന്‍ മരിക്കുമ്പോള്‍ ചിരിക്കുകയും മൃഗങ്ങള്‍ മരിക്കുമ്പോള്‍ കരയുകയും ചെയ്യുന്ന വനം മന്ത്രിയാണ് കേരളത്തിന്റേതെന്ന് ജോയ് കുറ്റപ്പെടുത്തി.കാളികാവ് ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് വനം മന്ത്രിക്കെതിരായ വിമർശനം.
''മനുഷ്യന്‍ മരിക്കുമ്പോള്‍ ചിരിക്കുകയും മൃഗങ്ങള്‍ മരിക്കുമ്പോള്‍ കരയുകയും ചെയ്യുന്ന കടല്‍ക്കിഴവനാണ് കേരളത്തിന്റെ വനം മന്ത്രി. അയാളുടെ കാലും കൈയുംകെട്ടി കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയത്തില്‍ ഈ നാട്ടിലെ ജനങ്ങള്‍ ജീവിക്കുന്നത് എങ്ങനെയെന്ന് അയാള്‍ക്ക് മനസിലാകൂ.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ചൂട്ടുകറ്റ ഞങ്ങള്‍ക്ക് എടുക്കേണ്ടി വരും. പശ്ചിമഘട്ട മലനിരയിൽ മനുഷ്യ ശവശരീരങ്ങൾ കൊണ്ട് കുന്നുകൂടി കഴിഞ്ഞാൽ, മനുഷ്യ കബന്ധങ്ങൾ ചിതറികിടന്നു കഴിഞ്ഞാൽ, മനുഷ്യന്‍റെ ചുടുച്ചോര കൊണ്ട് പശ്ചിമഘട്ടം ചുവന്നു തുടക്കാൻ കഴിഞ്ഞാൽ പശ്ചിമഘട്ടത്തെ കത്തിച്ചാമ്പലാക്കും.കേരളത്തില്‍ ജനാധിപത്യം അല്ല മൃഗാധിപത്യമാണ് നടക്കുന്നത്. നഷ്ടപരിഹാരം മാത്രമല്ല, നടപടിയും ഉണ്ടാകണം. ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും'' - വി.എസ്. ജോയ് മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ റബർ ടാപ്പിങ്ങിനിടെ കടുവ ആക്രമിച്ച് കല്ലാമൂല കളപ്പറമ്പിൽ അബ്ദുൽ ഗഫൂറിനെ കൊലപ്പെടുത്തിയത്. ഓടക്കൽ നസീറിന്റെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെ പിറകു വശത്തു കൂടിയെത്തിയ കടുവ ഗഫൂറിനെ കടിച്ച് കൊണ്ടു പോകുകയായിരുന്നു.