Share this Article
KERALAVISION TELEVISION AWARDS 2025
പിസി ജോര്‍ജ് നാലുമണിക്കൂർ പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ ഇന്നുതന്നെ പരിഗണിക്കും
വെബ് ടീം
posted on 24-02-2025
1 min read
pc george

കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകീട്ട് ആറുമണിവരെയാണ് പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടതെങ്കിലും നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളു. ആ സമയം കഴിഞ്ഞാല്‍ പിസി ജോര്‍ജിനെ വീണ്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം.

അതേസമയം, പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അപാകതയുണ്ടെന്ന് കോടതി പറഞ്ഞു. അപാകത പരിഹരിച്ച് കസ്റ്റഡി അപേക്ഷ വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാല്‍ ഇന്നുതന്നെ പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.ഹൈക്കോടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് പിസി ജോര്‍ജ്, പാലാ ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്.

അതിനാടകീയമായിട്ടായിരുന്നു പിസി ജോര്‍ജിന്റെ നീക്കം. അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയുമെത്തിയതിനു പിന്നാലെ ജോര്‍ജ് ഈരാറ്റുപേട്ട കോടതിയിലെത്തുകയായിരുന്നു. താന്‍ കീഴടങ്ങാനാണ് വന്നതെന്ന് ജോര്‍ജ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. അറസ്റ്റു ചെയ്യാനായി വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും ഈ സമയം ജോര്‍ജ് വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും രണ്ടു ദിവസത്തെ സാവകാശം ജോര്‍ജ് തേടിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories