പാനിപ്പത്ത്: സ്വകാര്യ സ്കൂളിൽ കുട്ടികളോടു ക്രൂരമായി പെരുമാറുന്നതിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ വ്യാപക പ്രതിഷേധം. ഹരിയാനയിലെ പാനിപത്തിലെ ജാട്ടൽ റോഡിലുള്ള സ്കൂളിൽ കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പൊലീസ് സ്കൂൾ പ്രിൻസിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടുത്തു.
ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ ജനൽകമ്പിയിൽ തലകീഴായി കെട്ടിയിട്ട് സ്കൂൾ ബസ് ഡ്രൈവറെക്കൊണ്ട് മർദിക്കുന്ന വിഡിയോയാണ് ഒന്ന്. അടുത്തിടെയാണ് തന്റെ മകനെ ഈ സ്കൂളിൽ ചേർത്തതെന്ന് മർദനത്തിന് ഇരയായ കുട്ടിയുടെ മാതാവ് പറഞ്ഞു.
സംഭവത്തിൽ പ്രിൻസിപ്പൽ റീനയും സ്കൂൾ ബസ്സിന്റെ ഡ്രൈവർ അജയ്‍യും കുറ്റക്കാരാണെന്നും മാതാവ് പറഞ്ഞു.മാതാപിതാക്കളുടെ പരാതിയിൽ പ്രിൻസിപ്പൽ റീനയ്ക്കും ഡ്രൈവർ അജയ്ക്കും എതിരെ പൊലീസ് കേസെടുത്തു.
ചോദ്യം ചെയ്യലിൽ ഓഗസ്റ്റ് 13നാണ് അജയ്‌യെ കൊണ്ട് വിദ്യാർഥിയെ തല്ലിച്ചതെന്നും എന്നാൽ കൂടുതൽ പരാതികൾ വന്നതോടെ അയാളെ ജോലിയിൽനിന്നു പിരിച്ചുവിട്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ വിഡിയോ പുറത്തുവന്നതിനു പിന്നാലെ അജയ് വീട്ടിലേക്ക് ആളെ അയച്ച് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നാണ് കുട്ടികളുടെ മാതാപിതാക്കളുടെ പരാതി.