പത്തനംതിട്ട: കോയിപ്രം കുറവന്‍കുഴി സ്വദേശികളായ ജയേഷ് രാജപ്പനും ഭാര്യ എസ് രശ്മിയും ചേര്‍ന്ന് യുവാക്കളെ കെട്ടിയിട്ട് ക്രുരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ ജയേഷ് പോക്‌സോ കേസിലും പ്രതി. 2016-ല്‍ കോയിപ്രം പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ജയേഷ് പ്രതിയായിട്ടുള്ളത്. 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നതാണ് കേസ്.പോക്‌സോ കേസില്‍ അറസ്റ്റിലായ ജയേഷ് ഏതാനും മാസങ്ങള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. നിലവില്‍ പോക്‌സോ കേസിന്റെ വിചാരണ നടന്നുവരുന്നതിനിടെയാണ് ജയേഷും ഭാര്യ രശ്മിയും യുവാക്കളെ മര്‍ദിച്ചകേസില്‍ അറസ്റ്റിലാകുന്നത്.
അതിനിടെ, രശ്മിയുടെ ഫോണില്‍നിന്ന് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ പൊലീസ് കണ്ടെടുത്തു. മര്‍ദനത്തിനിരയായ ആലപ്പുഴ സ്വദേശിയായ 19-കാരനും രശ്മിയും വിവസ്ത്രരായി നില്‍ക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെടുത്തത്. യുവാവിനെ മര്‍ദിച്ച് ഭീഷണിപ്പെടുത്തിയാണ് രശ്മിക്കൊപ്പംനിര്‍ത്തി വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന ഇരുപതിനായിരം രൂപയും ദമ്പതിമാര്‍ കൈക്കലാക്കിയിരുന്നു. യുവാവിനെ വിട്ടയച്ചപ്പോള്‍ ഇതില്‍ ആയിരംരൂപ മടക്കിനല്‍കി.
അതേസമയം, ജയേഷിന്റെ ഫോണില്‍ രഹസ്യഫോള്‍ഡറിലാക്കി സൂക്ഷിച്ചിരിക്കുന്ന മര്‍ദനദൃശ്യങ്ങള്‍ ഇതുവരെ കണ്ടെടുക്കാനായില്ല. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഫോണിലെ ഫോള്‍ഡര്‍ തുറന്ന് പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാനായി ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷയും സമര്‍പ്പിക്കും. മറ്റൊരെയെങ്കിലും ഇവര്‍ സമാനരീതിയില്‍ ഭീഷണിപ്പെടുത്തുകയോ മര്‍ദിക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയാനായി ദമ്പതിമാരുടെ ഒരുവര്‍ഷത്തെ ഫോണ്‍വിളി വിവരങ്ങളും പോലീസ് പരിശോധിക്കും.ഭാര്യ രശ്മിയുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചാണ് ആലപ്പുഴ, റാന്നി സ്വദേശികളെ വീട്ടില്‍ വിളിച്ചുവരുത്തി ജയേഷും രശ്മിയും ക്രൂരമായി മര്‍ദിച്ചത്. സെപ്റ്റംബര്‍ ഒന്ന്, അഞ്ച് തീയതികളിലായിരുന്നു സംഭവം. മര്‍ദനത്തിനിരയായ യുവാക്കള്‍ക്ക് രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇവര്‍ രശ്മിയുമായി ചാറ്റിങ്ങും നടത്തിയിരുന്നു. ഇതാണ് ജയേഷിന്റെ സംശയത്തിന് കാരണമായത്. ഇക്കാര്യമറിഞ്ഞതോടെ ജയേഷ് രശ്മിയെ ഉപയോഗിച്ച് രണ്ടുപേരെയും വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ചു. യുവാക്കളിലൊരാളെ കെട്ടിത്തൂക്കി മര്‍ദിച്ചു. ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ കൊണ്ട് പിന്നടിച്ചു. വിരലുകളില്‍ മൊട്ടുസൂചി അടിച്ചുകയറ്റി. മറ്റൊരാളെ കട്ടിലില്‍ കിടത്തി സെക്‌സ് വീഡിയോ രംഗങ്ങള്‍ അഭിനയിപ്പിക്കുകയുംചെയ്തിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ജയേഷിന്റെ ഫോണിലാണ് പ്രതികള്‍ ചിത്രീകരിച്ചിരുന്നത്.