Share this Article
News Malayalam 24x7
ചെരിപ്പിനുള്ളിൽ പാമ്പ് കയറിയിരുന്നു; ചെരിപ്പിട്ട യുവാവിന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം
വെബ് ടീം
posted on 01-09-2025
1 min read
snake bite

ബെംഗളൂരു: കടയിൽ പോയി വന്ന ശേഷം അഴിച്ചുവെച്ച ചെരിപ്പിനുള്ളില്‍ കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയും ടിസിഎസിലെ ജീവനക്കാരനുമായ മഞ്ജു പ്രകാശ്(41) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. വീടിന് പുറത്ത് അഴിച്ചിട്ടിരുന്ന ക്രോക്‌സ് ചെരിപ്പുകളിലൊന്നില്‍ പാമ്പ് കയറിയിരുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ഇതറിയാതെ ചെരിപ്പ് ധരിച്ചതോടെയാണ് പാമ്പ് കടിയേറ്റതെന്നാണ് റിപ്പോർട്ട് .

ശനിയാഴ്ചയായിരുന്നു സംഭവം.വീട്ടിലെ മുന്‍വശത്തെ വാതിലിന് മുന്നിലാണ് മഞ്ജു പ്രകാശ് ചെരിപ്പുകള്‍ വെച്ചിരുന്നത്. സംഭവദിവസം ചെരിപ്പ് ധരിച്ച് പുറത്തിറങ്ങിയ അദ്ദേഹം സമീപത്തെ കടയില്‍ പോയി ജ്യൂസ് വാങ്ങി തിരികെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ചെരിപ്പ് അഴിച്ചുവെച്ച് വീട്ടില്‍ കയറുകയുംചെയ്തു. എന്നാല്‍, നേരത്തേ ധരിച്ച ചെരിപ്പിനുള്ളില്‍ ചെറിയ പാമ്പ് കയറിയിരുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. ചെരിപ്പ് ധരിച്ചയുടന്‍ അദ്ദേഹത്തിന് പാമ്പിന്റെ കടിയേറ്റിരുന്നു.

നേരത്തേ ഒരു അപകടമുണ്ടായതിനെത്തുടര്‍ന്ന് മഞ്ജു പ്രകാശിന്റെ കാലുകള്‍ക്ക് സ്പര്‍ശനശേഷി നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ ചെരിപ്പിനുള്ളിലുണ്ടായിരുന്ന പാമ്പ് കടിച്ചത് അദ്ദേഹത്തിന് അറിയാനുമായില്ല.പ്രകാശ് കടയില്‍പോയി തിരികെ എത്തിയതിന് പിന്നാലെ വീട്ടിലെത്തിയ മറ്റൊരാളാണ് ചെരിപ്പിനുള്ളില്‍ പാമ്പ് കിടക്കുന്നത് കണ്ടത്. ഇയാള്‍ മഞ്ജുപ്രകാശിന്റെ അച്ഛനെ വിളിച്ച് കാര്യംപറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം ചെരിപ്പില്‍നിന്ന് പാമ്പിനെ എടുത്തുകളഞ്ഞു. ഈ സമയം പാമ്പ് ചത്തനിലയിലായിരുന്നു. ഇതിനുപിന്നാലെയാണ് മുറിയില്‍ വിശ്രമിക്കുകയായിരുന്ന മഞ്ജുപ്രകാശിനെ തിരക്കി അമ്മയെത്തിയത്. എന്നാല്‍, കാലില്‍നിന്ന് ചോരവാര്‍ന്ന് വായില്‍നിന്ന് നുരയും പതയുംവന്ന നിലയില്‍ കട്ടിലില്‍ കിടക്കുന്നനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍തന്നെ വീട്ടുകാര്‍ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories