Share this Article
Union Budget
കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം: ബിജെപി മന്ത്രിക്കെതിരേ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
വെബ് ടീം
4 hours 24 Minutes Ago
1 min read
hc

ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപവും വർഗീയവും ലൈംഗികവുമായ പരാമർശം നടത്തിയതിൽ മധ്യപ്രദേശ് മന്ത്രി വിജയ് ഷായ്‌ക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. വൻ പ്രതിഷേധത്തിന് കാരണമായ വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി, വിജയ് ഷായ്‌ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകുകയായിരുന്നു.

മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ, ചൊവ്വാഴ്ച മോവിൽ നടന്ന ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെയാണ് അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയത്. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും തമ്മിൽ ബന്ധപ്പെടുത്തി സോഫിയ ഖുറേഷിയെ പരോക്ഷമായി സൂച്ചിപ്പിക്കുന്ന തരത്തിലായിരുന്നു പ്രസ്താവന.

ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചു. തീവ്രവാദികൾ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി അവരുടെ തന്നെ സഹോദരിയെ പ്രതികാരം ചെയ്യാൻ തിരിച്ചയച്ചു എന്നാണ് മന്ത്രി പറഞ്ഞത്.

കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ, എംഎൽഎയും മുൻ കാബിനറ്റ് മന്ത്രിയുമായ ഉഷ താക്കൂർ, ബിജെപിയുടെ നിരവധി പ്രാദേശിക നേതാക്കൾ എന്നിവർ ഉൾപ്പെട്ട സദസിനു മുന്നിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

വിജയ് ഷായെ ഉടൻ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ‍്യപ്പെട്ടു.അതേസമയം മാപ്പ് പറഞ്ഞ് വിഷയത്തിൽ നിന്നും തടിയൂരാനും ഷാ ശ്രമിച്ചു. തന്‍റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് മാറ്റി എഴുതിയതാണെന്ന് വിജയ് ഷാ ആദ്യം പറഞ്ഞെങ്കിലും പിന്നീട് ക്ഷമാപണം നടത്തി.രാജ‍്യത്തിനു വേണ്ടിയുള്ള സോഫിയ ഖുറേഷിയുടെ സേവനത്തെ അഭിവാദ‍്യം ചെയ്യുന്നുവെന്നും അവരെ അപമാനിക്കുന്നതിനെ പറ്റി സ്വപ്നത്തിൽ പോലും ചിന്തിക്കാൻ സാധിക്കില്ലെന്നും തന്‍റെ വാക്കുകൾ മതത്തെയും സമൂഹത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ 10 തവണ ക്ഷമാപണം നടത്താൻ തയാറാണ് മന്ത്രി പിന്നീട് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories