സർക്കാർ ഉടമസ്ഥതയിലുള്ള തിയറ്ററുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ചോർന്ന് അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിച്ച സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. കേരള ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെഎഫ്‌ഡിസി) പരാതിയിന്മേൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള എന്നീ തിയറ്ററുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ചോർന്നത്. തിയറ്ററിലെത്തുന്ന സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള പ്രേക്ഷകരുടെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടത്. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണോ അതോ ഹാക്കിംഗ് വഴിയാണോ ദൃശ്യങ്ങൾ ചോർന്നതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
സംഭവം ഗൗരവകരമായി കണക്കാക്കുന്നെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിലെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വന്ന വീഴ്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.