മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 09:30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 08:30 മുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളുണ്ടാകും.
ജില്ലാതല പ്രവേശനോത്സവം മന്ത്രിമാർ ഉദ്ഘാടനം ചെയ്യും. 44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യബോധം വളർത്തുന്ന 10 വിഷയങ്ങൾ ആയിരിക്കും ആദ്യ രണ്ടാഴ്ച വിദ്യാർത്ഥികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും പഠന വിഷയമാക്കും.
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധിയുള്ളത്. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം ക്യാമ്പ് അവസാനിക്കുന്നതിൻ്റെ അടുത്ത പ്രവൃത്തിദിവസം നടത്താനാണ് നിർദ്ദേശം.