നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസ്സൻ നൽകിയ പരാതി കേൾക്കാൻ താരസംഘടനയായ 'അമ്മ' (AMMA) തയാറാകുന്നു. ജൂൺ ഒന്നിനും മൂന്നിനും ഇടയിലുള്ള തീയതികളിൽ നേരിട്ടെത്തി തെളിവുകൾ ഹാജരാക്കാൻ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അൻസിബയ്ക്ക് നിർദേശം നൽകി. തന്നെ നിഷ്പക്ഷമായി കേൾക്കണമെന്ന് അൻസിബ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതി പരിശോധിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അൻസിബ സംഘടനയ്ക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. രമേഷ് പിഷാരടി, മാലാ പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഉൾപ്പെടുന്ന നിഷ്പക്ഷ സമിതി തന്റെ പരാതി കേൾക്കണമെന്നാണ് അൻസിബയുടെ പ്രധാന ആവശ്യം. താൻ നിർദ്ദേശിക്കുന്നവർ സമിതിയിൽ ഉണ്ടാകണമെന്ന ഉപാധിയാണ് താരം മുന്നോട്ടുവെക്കുന്നത്.
സംഘടനയിലെ നടപടികൾക്ക് പുറമെ, നിയമപരമായ നീക്കങ്ങളുമായും അൻസിബ മുന്നോട്ട് പോവുകയാണ്. ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷനിൽ വിളിച്ചുവരുത്തി വനിതാ എസ്‌ഐ രേഷ്മ തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് അൻസിബ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകിയിരുന്നു. ഈ കേസിൽ നിയമപോരാട്ടം ശക്തമാക്കാനാണ് താരത്തിന്റെ തീരുമാനം.