ശ്രീനഗര്‍:ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും ദോഡ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മരണം 34 ആയി. ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. 18 പേര്‍ക്ക് പരിക്കേറ്റു. ദുരന്തം നടന്ന് ഒരു ദിവസത്തിന് ശേഷവും രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് തുടരുകയാണ്.
കത്ര ടൗണില്‍ നിന്ന് മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റര്‍ പാതയുടെ ഏകദേശം പകുതി ദൂരത്തുള്ള ഒരു സംരക്ഷണ ഷെഡ്ഡിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്.പാറകളും കല്ലുകളും വന്‍ ശബ്ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള പാതയിലെ അദ്ക്വാരിയിലെ ഇന്ദ്രപ്രസ്ഥ ഭോജനാലയത്തിന് സമീപം അപകടം നടന്നത്.
നൂറുകണക്കിന് തീര്‍ത്ഥാടകരാണ് ഈ സമയം പാതയില്‍ ഉണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 30 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും, ഗുരുതരമായി പരിക്കേറ്റ രണ്ട് തീര്‍ത്ഥാടകര്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിരവധി പേര്‍ ചികിത്സയില്‍ തുടരുകയാണ്.വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തുടര്‍ച്ചയായ മഴയെതുടര്‍ന്ന് നിരവധി നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പറഞ്ഞിരുന്നു.