സംസ്ഥാന കോൺഗ്രസിലെ പുനഃസംഘടന നടപടികൾ വൈകാൻ സാധ്യത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം പുനഃസംഘടന മതിയെന്ന നിലപാടിലാണ് ഒരു വിഭാഗം മുതിർന്ന നേതാക്കൾ. ഇപ്പോൾ അഴിച്ചുപണി നടത്തിയാൽ പാർട്ടിയിൽ ഉടലെടുക്കാവുന്ന പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ, കെപിസിസി പുനഃസംഘടനയും അനിശ്ചിതത്വത്തിലായി.
തദ്ദേശ തിരഞ്ഞെടുപ്പിന് കേവലം മൂന്ന് മാസങ്ങൾ മാത്രം ശേഷിക്കേ, പാർട്ടിയിൽ ഒരു അഴിച്ചുപണിക്ക് മുതിരുന്നത് ഗുണകരമാവില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ജില്ലാ പ്രസിഡന്റുമാരെ അടക്കം മാറ്റുന്നത് പ്രാദേശിക തലത്തിൽ വലിയ അതൃപ്തിക്ക് കാരണമായേക്കാം. ഇത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവർ ആശങ്കപ്പെടുന്നു.
സംസ്ഥാനത്ത് നിലവിൽ ഭരണ വിരുദ്ധ വികാരം ശക്തമാണെന്നും ഇത് വോട്ടാക്കി മാറ്റാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നുമാണ് പാർട്ടിയിലെ പൊതുവികാരം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ചകൾ തുടരുന്നത് അനൈക്യത്തിന് ഇടയാക്കുമെന്നും നേതാക്കൾ കരുതുന്നു. ഡൽഹിയിൽ നടന്ന ചർച്ചകളിലും പുനഃസംഘടനയുടെ കാര്യത്തിൽ പൂർണ്ണമായ സമവായത്തിൽ എത്താൻ സാധിച്ചിരുന്നില്ല. എംപിമാർ മുന്നോട്ടുവെച്ച ചില പേരുകൾക്ക് സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം ലഭിക്കാതിരുന്നതും തടസ്സമായി.
നിലവിലെ സാഹചര്യത്തിൽ പുനഃസംഘടനാ ചർച്ചകൾ മന്ദഗതിയിലാക്കി, തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാൻ നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തിയ ശേഷം പുനഃസംഘടന നടത്തിയാൽ മതിയെന്നാണ് ധാരണ.