Share this Article
News Malayalam 24x7
പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയുടെ മരണം; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും
Veterinary College Students Death

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളും അടക്കം 12 പേരാണ് ഒളിവിലുള്ളത്.

സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആറു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെയാണ് കേസില്‍ പുതുതായി പ്രതി ചേര്‍ത്ത ആറു പേരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ പ്രതി ചേര്‍ത്തവരുടെ എണ്ണം 18 ആയി.

ജീവനൊടുക്കിയ സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചതിലും റാഗ് ചെയ്തതിനെക്കുറിച്ചും ചോദ്യം ചെയ്യുന്നതിനായി എട്ട് വിദ്യാര്‍ത്ഥികളെ ബുധനാഴ്ച വിളിപ്പിച്ചിരുന്നു. ഇവരില്‍ ആറു പേരേയാണ് പ്രതി ചേര്‍ത്തത്.

ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.കോളേജിലെ പ്രണയദിനാഘോഷത്തിനിടെ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് സിദ്ധാര്‍ത്ഥന് ക്രൂരമര്‍ദ്ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നു എന്നാണ് ആരോപണം.

സംഭവത്തില്‍ ആദ്യം പ്രതി ചേര്‍ത്ത 12 പേരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും പ്രതികളായ എസ്.എഫ്.ഐ.ക്കാരെ പിടികൂടാത്തതില്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മുഖ്യപ്രതികളെ പിടി കൂടാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.യു പൂക്കോട് വെറ്റിനറി സര്‍വകലാശാലാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും.

ALSO WATCH


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories