Share this Article
News Malayalam 24x7
'ഇന്‍വെസ്റ്റ് കേരള സമിറ്റില്‍ പ്രതിപക്ഷം പങ്കെടുക്കും; കേരളത്തില്‍ പച്ചക്കറി കടയും പലചരക്ക് കടയും ബേക്കറിയും ബാര്‍ബര്‍ ഷോപ്പും ഐസ്‌ക്രീം പാര്‍ലറും ജിമ്മുമൊക്കെ തുടങ്ങിയത് ഇപ്പോഴാണോ?'
വെബ് ടീം
posted on 18-02-2025
1 min read
udf

കൊച്ചി: ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍ യുഡിഎഫ് പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിനെ പോലെ വികസനവിരുദ്ധ നിലപാട് യുഡിഎഫ് ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും സമ്മിറ്റില്‍ പങ്കെടുക്കുമെന്നും സതീശന്‍ പറഞ്ഞു. കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയെ പ്രകീര്‍ത്തിച്ച് ശശി തരൂരിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് സമിറ്റില്‍ പങ്കെടുക്കാനുള്ള യുഡിഎഫ് തീരുമാനം.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കണമെന്നതു തന്നെയാണ് പ്രതിപക്ഷത്തിന്റെയും നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാരിനു പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നതിനെയും യാഥാര്‍ഥ്യ ബോധമില്ലാത്ത കണക്കുകള്‍ ആവര്‍ത്തിക്കുന്നതിനെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

മൂന്നു വര്‍ഷം കൊണ്ട് തുടങ്ങിയ 3 ലക്ഷം സംരംഭങ്ങളുടെ പൂര്‍ണപട്ടിക സര്‍ക്കാര്‍ പുറത്തുവിടണം. പാവപ്പെട്ടവര്‍ ലോണെടുത്ത് തുടങ്ങിയ സംരംഭങ്ങളുടെ പേരില്‍ മേനി നടിക്കുന്നത് അപഹാസ്യമാണ്. വ്യവസായ മന്ത്രി സ്വയം പരിഹാസപാത്രമാകരുത്. കേരളത്തിന്റെ വികസനത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ചത് സിപിഐ എമ്മിന്റെ തന്‍ പോരിമയും നേതാക്കളുടെ ഈഗോയും തലതിരിഞ്ഞ രാഷ്ട്രീയ നിലപാടുകളുമാണെന്നതിനുള്ള തെളിവുകള്‍ ഇപ്പോഴും കേരളീയ സമൂഹത്തിനു മുന്നിലുണ്ടെന്നും സതീശന്‍ പറഞ്ഞു.

'പിണറായി വിജയന്‍ മുഖ്യമന്ത്രിയും പി രാജീവ് വ്യവസായ മന്ത്രിയും ആയതിനു ശേഷമാണോ കേരളത്തില്‍ പച്ചക്കറി കടയും പലചരക്ക് കടയും ബേക്കറിയും ബാര്‍ബര്‍ ഷോപ്പും ഐസ്‌ക്രീം പാര്‍ലറും ജിമ്മുമൊക്കെ തുടങ്ങിയതെന്നും സതീശന്‍ ചോദിച്ചു. പാവപ്പെട്ടവര്‍ ലോണെടുത്തും അല്ലാതെയുമൊക്കെ തുടങ്ങിയ സംരംഭങ്ങളെല്ലാം സര്‍ക്കാരിന്റെ കണക്കില്‍ ചേര്‍ക്കുന്നതും അതിന്റെ പേരില്‍ മേനി നടിക്കുന്നതും അപഹാസ്യമാണെന്നും കോവിഡ് കാലത്ത് കബളിപ്പിച്ചതു പോലെ വ്യവസായ സംരംഭങ്ങളുടെ പേരിലും മലയാളികളെ കബളിപ്പിക്കാമെന്നു സര്‍ക്കാര്‍ കരുതരുതെന്നും സതീശന്‍ പറഞ്ഞു. വിഡി സതീശനൊപ്പം പികെ കുഞ്ഞാലിക്കുട്ടിയും സമ്മിറ്റില്‍ പങ്കെടുക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories