തിരുവനന്തപുരം: ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു. വൈകിട്ട് നാലരയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുവെച്ചാണ് സംഭവം. ആളപായമില്ലാതെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ബഹളം വെച്ചതോടെ, ഡ്രൈവർ ബസ്സ് ദേശീയപാതയിൽ നിർത്തി. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതരാക്കി.ബസ്സിലെ മൊബൈൽ സോക്കറ്റിൽ നിന്ന് തീ പടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കെഎസ്ആർടിസി അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണം.