2024, ഡിസംബർ 04. യൂത്ത് കോൺഗ്രസിനും കോൺഗ്രസിനും നവോന്മേഷം നൽകി കൊണ്ട് വൻ ഭൂരിപക്ഷത്തിൽ പാലക്കാട് വിജയക്കൊടി പാറിച്ച രാഹുൽ മാങ്കൂട്ടത്തിൽ, സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎ കസേരയിൽ ആത്മവിശ്വാസത്തോടെ അമർന്നിരുന്ന ദിനം.തലയെടുപ്പുള്ള നേതാവായി നിവർന്നു നിന്ന് ഒന്നാം വാർഷികം ആഘോഷിക്കേണ്ട ദിവസം പീഡനക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് തലകുനിച്ച് പാർട്ടിയിൽ നിന്ന് തന്നെ പുറത്തു പോകേണ്ടിവന്നതിനെ സിപിഐഎം പാലക്കാട് പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത് .
കരിയറും ജീവിതവും രാഹുലിന് സ്വന്തം കയ്യിലിരിപ്പു കൊണ്ടുതന്നെ നഷ്ടമായി എന്നാണ് യാഥാർഥ്യം .സ്പീക്കറുടെ ചേംബറിലോ, നിയമസഭയ്ക്കുള്ളിലോ ആയിരുന്നില്ല രാഹുൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തത് . പതിവിൽ നിന്നു വ്യത്യസ്തമായി, സഭാ മന്ദിരത്തിലെ ചരിത്രമുറങ്ങുന്ന ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിനു മുൻപിലായിരുന്നു സത്യപ്രതിജ്ഞ. ഷാഫിക്ക് നൽകിയതിലും നാലിരട്ടി ഭൂരിപക്ഷം നൽകിയാണ് പാലക്കാട് രാഹുലിനെ നിയമസഭയിലേക്ക് അയച്ചത്. പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വിജയിച്ചതിനെ തുടർന്നാണ് സീറ്റിൽ ഒഴിവുവന്നത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ പാലക്കാട് ശക്തമായ ത്രികോണ മത്സരത്തിൻ്റെ സാധ്യതയായിരുന്നു. ഷാഫിയുടെ പിന്തുണയോടെ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട പി സരിൻ ഇടത് സ്ഥാനാർത്ഥിയായ ഇവിടെ, ബിജെപി സ്ഥാനാർത്ഥിയായി സി കൃഷ്‌ണകുമാറാണ് മത്സരിച്ചത്. പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ്. നേടിയ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു രാഹുലിൻ്റേത്. 2016-ൽ ഷാഫി പറമ്പിൽ നേടിയ 17,483 വോട്ടിന്റെ റെക്കോർഡ് മറികടന്നു. ആകെ പോൾ ചെയ്ത 1.38 ലക്ഷം വോട്ടിൽ 58,389 വോട്ട് നേടിയ രാഹുൽ 18,840 വോട്ടുകൾക്കാണ് വിജയിച്ചത്. 2024 നവംബർ 23 ശനിയാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്. പിന്നീട് 2024 ഡിസംബർ നാലിന് ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
കൃത്യം ഒരു വർഷം പൂർത്തിയാകുന്ന അതേ ദിനം ഉച്ചവരെ രാഹുലിന് നീതിന്യായ കോടതിയുടെ കനിവ് കാത്തുനിൽക്കേണ്ടി വന്നു. പക്ഷേ ഫലം നിരാശ. കരിയറിൽ ആർജിച്ച നേട്ടങ്ങളുടെയും പ്രതാപത്തിൻ്റെയും ശോഭകെടുത്തിയ ലൈംഗിക പീഡനക്കേസിൽ മുൻകൂർജാമ്യമില്ല.ഒരു പൊതുപ്രവർത്തകൻ രാഹുലിനെപ്പോലെയാവണം എന്ന് പറഞ്ഞവരെല്ലാം മറിച്ചുപറയേണ്ടി വന്ന ദിനങ്ങളാണ് കടന്നുപോകുന്നത്. നിയമസഭാ സമാജികൻ്റെ കുപ്പായത്തിൽ ഒരു വർഷം പൂർത്തിയാക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് ലൈംഗികാപീഡനക്കേസിൽപ്പെട്ടത് . തുടർന്നങ്ങോട്ട് അജ്ഞാതവാസവും കോടതിയുടെ കനിവിനായുള്ള കാത്തുനിൽപ്പും.
ഒടുവിൽ അന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് തലയെടുപ്പോടെ MLAസീറ്റിൽ നിന്ന് ഇന്ന് അതേ ഡിസംബർ 4ൽ ജാമ്യം തള്ളപ്പെട്ട് തലകുമ്പിട്ട് പാർട്ടിക്ക് പുറത്തേക്കും അറസ്റ്റിലേക്കും..