ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ നാവികസേനയെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ അമേരിക്ക ശക്തമാക്കുന്നു. ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയെ (IRIS Dena) കടലിൽ മുക്കിയതിന് പിന്നാലെ, ഇറാന്റെ തന്നെ സൈനിക ടാങ്കറായ 'ബുഷേർ' (Bushehr) തകർക്കാൻ അമേരിക്കൻ അന്തർവാഹിനികൾ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. ശ്രീലങ്കൻ തീരത്ത് കൊളംബോ തുറമുഖത്തിന് സമീപം പുറംകടലിൽ നങ്കൂരമിട്ടിരിക്കുകയാണ് ബുഷേർ ഇപ്പോൾ.
ശ്രീലങ്കയുടെ അധികാര പരിധിയിലുള്ള മേഖലയിലാണ് ബുഷേർ നിലവിലുള്ളതെങ്കിലും, അമേരിക്കൻ സൈനിക അന്തർവാഹിനികൾ ഈ കപ്പലിനെ നിരീക്ഷിച്ചു വരികയാണെന്നാണ് വിവരം. ഗൾഫ് മേഖലയിൽ ഇറാൻ എണ്ണക്കപ്പലുകളെ ലക്ഷ്യമിടുന്നതിന് പകരമായി, ഇറാന്റെ നാവിക കരുത്തിനെ പൂർണ്ണമായും തകർക്കുക എന്ന തന്ത്രമാണ് അമേരിക്ക പയറ്റുന്നത്. ഇതുവരെ ഇറാന്റെ 17 യുദ്ധക്കപ്പലുകൾ അമേരിക്കൻ ആക്രമണത്തിൽ തകർന്നതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 നാവിക അഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന ഇറാൻ കപ്പലുകൾക്ക് നേരെയാണ് തുടർച്ചയായി ഭീഷണിയുണ്ടാകുന്നത്. അന്താരാഷ്ട്ര കപ്പൽ പാതയ്ക്ക് സമീപം ഇത്തരമൊരു സൈനിക നീക്കം നടക്കുന്നത് ആഗോള വ്യാപാരത്തെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. ശ്രീലങ്കൻ തീരത്ത് ഐറിസ് ദേന തകർക്കപ്പെട്ടതിന് പിന്നാലെ ബുഷേറിന് നേരെയും ആക്രമണമുണ്ടായാൽ അത് പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പൂർണ്ണമായും വ്യാപിക്കുന്നതിന് കാരണമാകും.
സംഭവത്തിൽ ശ്രീലങ്കൻ സർക്കാർ കടുത്ത ജാഗ്രതയിലാണ്. സ്വന്തം രാജ്യത്തിന്റെ സമുദ്രപരിധിയിൽ നടക്കുന്ന ഇത്തരം സൈനിക നീക്കങ്ങളിൽ ലങ്കൻ നാവികസേന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നയതന്ത്ര തലത്തിൽ അമേരിക്കയുടെ ഈ നീക്കം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.