ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യം ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആക്രമിക്കപ്പെട്ട 'സൻമാർ ഹെറാൾഡ്' എന്ന കപ്പലിൽ നിന്നുള്ള ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കടന്നുപോകാൻ ഔദ്യോഗികമായി അനുമതി നൽകിയ ശേഷം എന്തിനാണ് തങ്ങൾക്ക് നേരെ വെടിവെപ്പ് നടത്തുന്നതെന്ന് കപ്പൽ ജീവനക്കാർ ഇറാൻ സൈന്യത്തോട് ചോദിക്കുന്നത് ഈ സന്ദേശത്തിൽ വ്യക്തമാണ്.
"നിങ്ങളുടെ പട്ടികയിൽ രണ്ടാമതായി ഞങ്ങളുടെ കപ്പലിന്റെ പേരുണ്ട്, നിങ്ങൾ തന്നെ അനുമതി നൽകിയതാണ്, എന്നിട്ടും ഇപ്പോൾ വെടിവെക്കുന്നത് എന്തിനാണ്?" എന്ന് ജീവനക്കാരൻ സന്ദേശത്തിൽ ആവർത്തിച്ച് ചോദിക്കുന്നുണ്ട്. 'സൻമാർ ഹെറാൾഡ്', 'ജഗ് അർണവ്' എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെയാണ് ഇറാൻ സൈന്യം ആക്രമണം നടത്തിയത്.
അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ ഭരണകൂടം. സമാധാന കരാറിലെത്താതെ തങ്ങളുടെ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് അമേരിക്കയും വ്യക്തമാക്കിയതോടെ മേഖലയിൽ യുദ്ധഭീതി വർദ്ധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ചരക്ക് നീക്കത്തെയും കപ്പൽ ഗതാഗതത്തെയും ഇറാന്റെ ഈ നീക്കം ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
സംഭവത്തിൽ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നത്. തങ്ങളുടെ കപ്പലുകൾക്കും ജീവനക്കാർക്കും നേരെ നടന്ന ആക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്.