Share this Article
Union Budget
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി; പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുമെന്ന കേസിൽ യുവാവിന് ജാമ്യം
വെബ് ടീം
10 hours 57 Minutes Ago
1 min read
HC

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. സമാന കേസിൽ അറസ്റ്റിലായ പാലക്കാട് സ്വദേശിക്ക് ജാമ‍്യം അനുവദിച്ച ഉത്തരവിലാണ് കോടതി ഇക്കാര‍്യം ചൂണ്ടിക്കാട്ടിയത്.സഹപ്രവർത്തകരായ യുവാവും യുവതിയും തമ്മിൽ അടുപ്പത്തിലായ ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ദൃശ‍്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.

മലപ്പുറത്തെ ഒരു ആശുപത്രിയിൽ പിആർഒ ആയി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ യുവാവിനെതിരെ അവിടെ തന്നെ ജോലി ചെയ്യുന്ന യുവതിയാണ് പരാതി നൽകിയത്.തന്നെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തു എന്നുമായിരുന്നു പരാതി. തുടർന്ന് കഴിഞ്ഞ മാസം 13ന് യുവാവ് അറസ്റ്റിലായി. ബിഎൻഎസിലെ 84, 69 വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്. മജിസ്ട്രേറ്റ് കോടതിയും യുവാവിന്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹബന്ധത്തിൽ തുടരുന്ന ഒരു വ്യക്തിയുമായി വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നത് നിലനിൽക്കില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ബിഎൻസ് 64 ബാധകമാകില്ല. ബിഎൻഎസ് 84 അനുസരിച്ച് ജാമ്യം ലഭിക്കുകയും ചെയ്യുമെന്നും കോടതി വ്യക്തമാക്കി.പരാതിക്കാരി വിവാഹിതയാണെന്നും ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് ജാമ‍്യ ഹർജി നൽകിയിരുന്നത്.യുവതി വിവാഹിതയായതിനാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തി. തുടർന്ന് ഹർജിക്കാരന് 50,000 രൂപയുടെ സ്വന്തം ബോണ്ടും തുല‍്യതുകയുടെ രണ്ട് ആൾ ജാമ‍്യത്തിലും ജാമ‍്യം അനുവദിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.

യുവതിയുമായി അടുപ്പത്തിലായിരുന്നപ്പോൾ വിവാഹിതയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് യുവാവിന്റെ വാദം. പിന്നീട് യുവതി മറ്റൊരു സ്ഥലത്തേക്ക് ജോലി മാറിപ്പോയെങ്കിലും അടുപ്പം തുടർന്നു. എന്നാൽ പുതിയ സ്ഥലത്ത് ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ ഒരു പരാതി ഉയർന്നു. ബില്ലിങ്ങിൽ ഉണ്ടായിരുന്ന സമയത്ത് 14 ലക്ഷം രൂപയുടെ ക്രമക്കേട് ഉണ്ടായെന്നും യുവതി 9 ലക്ഷം രൂപ തിരിച്ചടച്ചെന്നും ഇനി 5 ലക്ഷം രൂപ കൂടി നൽകാനുണ്ടെന്നുമാണ് അറിയിച്ചത്. ഇക്കാര്യങ്ങൾ അറിഞ്ഞതോടെയാണ് യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചത് എന്നും യുവാവ് പറയുന്നു. എന്നാൽ ഇതിന് 2 മാസത്തിനുള്ളിൽ യുവതി പരാതി നൽകുകയായിരുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories