ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണപ്പാളികൾ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി വിജിലൻസ്. സ്വർണ്ണം കളവ് പോയെന്നും ഇതിനു പിന്നിൽ വൻ ഗൂഢാലോചന നടന്നെന്നും വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേസിൽ ക്രിമിനൽ കേസ് എടുത്ത് വിശദമായ അന്വേഷണം നടത്തണമെന്നും വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനിയുടെ സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ മൊഴി ഈ കേസിൽ നിർണ്ണായകമായി. 2017 മുതൽ തന്നെ ശ്രീകോവിലിന്റെയും ദ്വാരപാലക വിഗ്രഹങ്ങളുടെയും മുകളിൽ പൊതിഞ്ഞിരുന്ന 24 ക്യാരറ്റ് സ്വർണ്ണം കാണാതായിട്ടുണ്ടെന്നും, സ്വർണ്ണം പൂശുന്നതിന് പുതിയ ചെമ്പ് പാളികളാണ് ഉപയോഗിച്ചതെന്നും സിഇഒ മൊഴി നൽകിയിട്ടുണ്ട്. 1998-ലാണ് 24 ക്യാരറ്റ് സ്വർണ്ണം ശ്രീകോവിലിൽ പൂശിയത്. ഈ സ്വർണ്ണമാണ് പിന്നീട് കാണാതായതെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഈ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിന്റെ മകനാണ് യോഗദണ്ഡിന്റെ ചുമതല ഏറ്റെടുത്തിരുന്നത്. യോഗദണ്ഡ് പുറത്തുകൊണ്ടുപോയി സ്വർണ്ണം പൂശിയതിലും ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദിവസങ്ങൾ കഴിയുന്തോറും ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം മറ്റൊരു തലത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ, ഈ വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ക്രിമിനൽ കേസ് എടുക്കണമെന്നും വിജിലൻസ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.