തുടര്‍ച്ചയായ നെറ്റ് പരീക്ഷ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ. ഡല്‍ഹിയിലെ എന്‍ടിഎ ഓഫീസ് ആസ്ഥാനത്തേക്ക് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തും. വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കിയ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയെ പിരിച്ചുവിടണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. ഇംഗ്ലീഷ്, കോമേഴ്സ്, സോഷ്യോളജി വിഷയങ്ങളില്‍ യുജിസി നെറ്റ് പരീക്ഷ വീണ്ടും നടത്താന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനിച്ചിരിന്നു. സെപ്റ്റംബര്‍ 9, 10 തീയതികളിലാണ് പരീക്ഷ നടത്തുക. മൂന്ന് പരീക്ഷകളുടെയും ചോദ്യ പേപ്പറുകളുമായി ബന്ധപ്പെട്ട് വ്യാപകമായി ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് പുനപരീക്ഷ നടത്താനുള്ള തീരുമാനമുണ്ടായത്. അക്ഷരതെറ്റുകളും, വസ്തുതപരമായ തെറ്റുകളും, വ്യാകരണ പിഴവുകളും വിവര്‍ത്തനത്തിലെ തെറ്റുകളും നിറഞ്ഞതായിരുന്നു ചോദ്യപേപ്പറുകള്‍. ജൂണില്‍ നടന്ന പരീക്ഷയുടെ ഫലം ഒരു മാസമായിട്ടും പ്രസിദ്ധീകരിക്കാത്തതിന് പിന്നാലെയും പ്രതിഷേധം ഉയര്‍ന്നിരിന്നു.