മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ സി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്തതിനെതിരെ നൽകിയ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി ഇന്ന് പ്രത്യേക സിറ്റിങ് നടത്തും. പ്രതിഷേധക്കാരെ കരുതൽ തടങ്കലിൽ വെച്ച നടപടി ചോദ്യം ചെയ്തുള്ള ഹർജികളും ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഒക്ടോബർ 9-ലെ കോടതി ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ച് അഡ്വക്കേറ്റ് ശൈലേന്ദ്ര മണി ത്രിപാഠിയാണ് സുപ്രീം കോടതിയിൽ കോടതി അലക്ഷ്യ ഹർജി നൽകിയത്. തൃണമൂൽ കോൺഗ്രസ് എംപിയും സീനിയർ അഭിഭാഷകയുമായ മേനക ഗുരുസ്വാമിയാണ് നേതാക്കളെ കരുതൽ തടങ്കലിലെടുത്തതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത്തരം നടപടികൾ സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു...