വിവിധ നിയമലംഘനങ്ങളുടെ പേരിൽ കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെടുന്നവരുടെ (Deported) വിവരങ്ങൾ യുഎഇയുമായി പരസ്പരം കൈമാറാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ, കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെടുന്നവർക്ക് യുഎഇയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാകും. നാടുകടത്തപ്പെടുന്നവരുടെ വിരലടയാളങ്ങളും മറ്റ് ഡാറ്റകളും കൈമാറ്റം ചെയ്യുന്നത് ഔദ്യോഗികമായി ആരംഭിച്ചതായും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുവൈറ്റ്-യുഎഇ സാങ്കേതിക ടീമുകളുടെ എട്ടാമത് ഏകോപന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. നിലവിലെ പുരോഗതി വിലയിരുത്തുകയും പുതിയ സംയുക്ത സുരക്ഷാ പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്തു.
ഗൾഫ് മേഖലയിലെ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനും, വയർലെസ് കമ്മ്യൂണിക്കേഷൻ, ലിങ്കേജ് സിസ്റ്റം, ഗതാഗത സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള നിരവധി സംയുക്ത പദ്ധതികൾ ഇരു രാജ്യങ്ങളും ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രാലയം അറിയിച്ചു. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള സംയുക്ത ശ്രമങ്ങൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.