കൊച്ചി: ക്ഷേത്രങ്ങളിലെ ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം മാറ്റപ്പെടുന്ന വാജിവാഹനങ്ങളും മറ്റു ലോഹവസ്തുക്കളും തന്ത്രിമാര്‍ക്ക് അവകാശപ്പെട്ടതാണെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. ദൈവത്തിനായി സമര്‍പ്പിക്കപ്പെടുന്ന സ്വത്തുക്കള്‍ ദേവതയുടേതാണെന്നും പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നു എന്നതുകൊണ്ട് മാത്രം തന്ത്രിമാര്‍ക്ക് അതില്‍ യാതൊരുവിധ ഉടമസ്ഥാവകാശവും ലഭിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.അഖില തന്ത്രി പ്രചാരക സഭയുടെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെതാണ് വിധി. പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുമ്പോള്‍ അതിനുമുകളില്‍ ഉണ്ടായിരുന്ന വാജിവാഹനം പോലുള്ള ലോഹവസ്തുക്കള്‍ തന്ത്രിക്ക് ദാനമായോ അല്ലാതെയോ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 'തന്ത്രസമുച്ചയം' എന്ന ആചാരഗ്രന്ഥത്തിലെ വിധിപ്രകാരമുള്ള ഈ പാരമ്പര്യ അവകാശം തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും അവര്‍ വാദിച്ചു.
തന്ത്രിമാരുടെ സംഘടനയുടെ നിവേദനം പരിഗണിച്ചാണ് 2012ല്‍ ഈ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ക്ഷേത്രഭരണത്തിലെ ആചാരപരവും മതപരവുമായ കാര്യങ്ങളില്‍ തന്ത്രിക്ക് അധികാരമുണ്ടെങ്കിലും ദൈവത്തിന്റെ വകയായുള്ള സ്വത്തുക്കളുടെ ഉടമസ്ഥതയോ അവ എടുക്കാനോ വിനിയോഗിക്കാനോ ഉള്ള അവകാശമോ ആയി ആ അധികാരത്തെ വ്യാപിപ്പിക്കാന്‍ കഴിയില്ലെന്നും മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള അധികാരത്തെ, ദൈവത്തിന്റെ സ്വത്ത് സ്വന്തമാക്കാനോ കൈകാര്യം ചെയ്യാനോ ഉള്ള അവകാശത്തില്‍ നിന്നും വേറിട്ടു കാണേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.