കൊച്ചി: കേരള ഗ്രാമീണ ബാങ്കും കർണാടക ഗ്രാമീണ ബാങ്കും സംയുക്തമായി റീജിയണൽ റൂറൽ ബാങ്കുകളിലെ (RRBs) ഉദ്യോഗസ്ഥർക്കായി കേന്ദ്ര വിജിലൻസ് കമ്മീഷന്റെ (CVC) നേതൃത്വത്തിൽ ശേഷിവികസന പരിശീലന പരിപാടി കൊച്ചിയിൽ സംഘടിപ്പിച്ചു.
കേന്ദ്ര വിജിലൻസ് കമ്മീഷണർ എ. എസ്. രാജീവ് മുഖ്യാതിഥിയായി പങ്കെടുത്തു. കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഹർദീപ് സിംഗ് അലുവാലിയ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കർണാടക ഗ്രാമീണ ബാങ്ക് ചെയർമാൻ ശ്രീകാന്ത് എം. ഭണ്ഡിവാഡ് സ്വാഗതം ആശംസിച്ചു. കാനറാ ബാങ്ക് ചീഫ് വിജിലൻസ് ഓഫീസർ നബിൻ കുമാർ ദാഷും എക്സിക്യൂട്ടീവ് ഡയറക്ടർ ഹർദീപ് സിംഗ് അലുവാലിയയും ചടങ്ങിൽ സംസാരിച്ചു. കേന്ദ്ര വിജിലൻസ് കമ്മീഷണർ എ. എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ ഉദ്ഘാടന സമ്മേളനത്തിൽ നന്ദി രേഖപ്പെടുത്തി.
പോസ്റ്റ്മാസ്റ്റർ ജനറൽ ഡോ. ഉപേന്ദർ വെണ്ണം Conduct Rules and Conflict of Interest എന്ന വിഷയത്തിൽ സാങ്കേതിക സെഷൻ നയിച്ചു.
റീജിയണൽ റൂറൽ ബാങ്ക് ഉദ്യോഗസ്ഥരിൽ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും താൽപ്പര്യസംഘർഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും അവബോധവും അറിവും വർധിപ്പിക്കുക, പ്രതിരോധ വിജിലൻസ് സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. ബാങ്കിംഗ് പ്രവർത്തനങ്ങളിൽ സത്യസന്ധത, സുതാര്യത, ഉത്തരവാദിത്തബോധം എന്നിവയുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനുള്ള പങ്കാളി ബാങ്കുകളുടെ പ്രതിബദ്ധതയും പരിപാടി വിളിച്ചോതി.
വിജിലൻസ് ബോധവത്കരണം എന്നത് കേവലം ഒരു ഔദ്യോഗിക പരിപാടിയല്ല, മറിച്ച് അഴിമതി രഹിതമായ തൊഴിൽസംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള കൂട്ടായ പരിശ്രമമാണ്. ജീവനക്കാരുടെ ജാഗ്രതയും പൊതുജനങ്ങളുടെ സഹകരണവും ബാങ്കിംഗ് മേഖലയിലുള്ള വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തും.ബാങ്കിംഗ് മേഖലയിൽ സുതാര്യതയും സത്യസന്ധതയും ഉത്തരവാദിത്വബോധവും ഉറപ്പുവരുത്തുന്നതിനും അഴിമതി, കൈക്കൂലി, സാമ്പത്തിക ക്രമക്കേടുകൾ, തട്ടിപ്പുകൾ എന്നിവ തടയുന്നതിനും വിജിലൻസ് ബോധവത്കരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും കേന്ദ്ര വിജിലൻസ് കമ്മീഷണർ ശ്രീ എ എസ് രാജീവ് പറഞ്ഞു.