അമേരിക്കയുടെ അസാധാരണമായ നടപടിയെ തുടര്‍ന്ന് പ്രതിസന്ധിയിലായി യാത്രക്കാര്‍ . 10,000 ത്തില്‍ അധികം വിമാനങ്ങളെയാണ് അടിയന്തര നിയന്ത്രണം ബാധിച്ചത് . മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍ പിന്‍ലവിച്ച് സര്‍വീസ് പുനസ്ഥാപിച്ചത് . എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കമ്യൂണിക്കേഷന്‍ സംവിധാനം തകരാറിലായതാണ് പ്രതിന്ധിയായത് .
ഒരു വിമാനവും പറന്ന് ഉയരരുത് എന്ന് നിര്‍ദേശത്തോടെയായിരുന്നു അമേരിക്ക അടിയന്തര നിയന്ത്രണം ഏര്‍പ്പെടുത്തിയത് .എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളിലെ ആശയവിനിമയത്തില്‍ തകരാര്‍ മൂലമാണ് വിമാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ അറിയിപ്പ്.എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രങ്ങളിലെ പഴയ നെറ്റ്വര്‍ക്ക് റൂട്ടറുകളില്‍ പുതിയ സാങ്കേതികവിദ്യ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഉണ്ടായ ഡാറ്റയുടെ അമിതഭാരവും ആശയവിനിമയ തകരാറുമാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ കാരണമായത്.
ഇതൊരു സൈബര്‍ ആക്രമണമോ സുരക്ഷാ ഭീഷണിയോ അല്ലെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ വ്യക്തമാക്കി. നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ ആകാശത്തുണ്ടായിരുന്ന ആയിരക്കണക്കിന് വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറക്കിയിരുന്നു.
രാജ്യവ്യാപകമായി പതിനായിരത്തിലധികം വിമാനങ്ങള്‍ വൈകുകയും 4,000-ത്തിലധികം സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തു.
2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം രണ്ടാം തവണയാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ യുഎസില്‍നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചത്. ആശയവിനിമയത്തിലുണ്ടായ സാങ്കേതിക തടസ്സം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് ഇത്തരമൊരു നടപടിയെടുത്തതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത് .
2023 ജനുവരിയില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ പ്രധാന കംപ്യൂട്ടര്‍ സംവിധാനം തകരാറിലായതിന് ശേഷം യുഎസില്‍ രാജ്യവ്യാപകമായി വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത് ഇതാദ്യമായാണ്. വിമാനത്താവളങ്ങളും എയര്‍ ട്രാഫിക് കണ്‍ട്രോളും നവീകരിക്കുന്നതിനായി വൈറ്റ് ഹൗസും ഗതാഗത വകുപ്പും കോണ്‍ഗ്രസിനോട് 30.1 ബില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് തടസ്സമുണ്ടായത്.
നിയന്ത്രണം നീക്കിയെങ്കിലും അറ്റലാന്റ, വാഷിംഗ്ടണ്‍ ഡിസി, മിയാമി, ബിഡബ്ല്യുഐ മാര്‍ഷല്‍, ജോര്‍ജ് ബുഷ് അടക്കമുള്ള വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ് . സര്‍വ്വീസുകള്‍ പൂര്‍ണ്ണതോതില്‍ സാധാരണ നിലയിലാകാന്‍ വരും ദിവസങ്ങളിലും സമയമെടുക്കും. അതിനാല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.