തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. നസീറ പരിഗണിച്ചത്. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന ഇരുകക്ഷികളുടെയും ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. വാദം കേട്ടപ്പോൾ ജഡ്ജി, പ്രോസിക്യൂട്ടർ, പ്രതിഭാഗം അഭിഭാഷകൻ, ഒരു ജീവനക്കാരൻ എന്നിവരാണ് കോടതിയിൽ ഉണ്ടായിരുന്നത്. അടച്ചിട്ട കോടതിയിൽ ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കൂടുതൽ രേഖകൾ പരിശോധിക്കാൻ ഹർജി മാറ്റിയത്.
എട്ട് ദിവസമായി ഒളിവിൽ തുടരുകയാണ് പാലക്കാട് എം.എൽ.എ രാഹുൽ.വലിയമല പൊലീസ് രജിസ്റ്റർ ചെയ്ത് നേമം പൊലീസിന് കൈമാറിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 64(2)(എഫ്), 64(2)(എച്ച്), 64(2)(എം) ബലാത്സംഗം, 89 നിര്‍ബന്ധിത ഭ്രൂണഹത്യ, 115(2) കഠിനമായ ദേഹോപദ്രവം, 351(3) അതിക്രമം, 3(5) ഉപദ്രവം, ഐ.ടി ആക്ട് 66(ഇ) സ്വകാര്യതാ ലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയത്.ഉഭയസമ്മത പ്രകാരമാണ് യുവതിയുമായി ബന്ധമുണ്ടായിരുന്നതെന്നും ബലാത്സംഗവും ഗര്‍ഭഛിദ്രവും ചെയ്തിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ വാദം.
കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്നും അഭിപ്രായപ്പെട്ടിരുന്നു. മുദ്രവെച്ച കവറിൽ ഡിജിറ്റൽ തെളിവുകളും നൽകി. എന്നാൽ, രാഹുലിനെതിരെ ശക്തമായ തെളിവുകൾ അന്വേഷണ സംഘം ഹാജരാക്കി. തുടർന്നാണ് കൂടുതൽ വാദം കേൾക്കാൻ കേസ് ഇന്നത്തേക്ക് മാറ്റിയത്.
ഗുരുതര പരാമർശങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിലുള്ളത്. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും പറയുന്നു. രണ്ടു തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
അതേ സമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസിൽനിന്ന് പുറത്താക്കി. ബലാത്സംഗക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് പാർട്ടിയുടെ നടപടി. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു.