കോൺഗ്രസ് നേതാവ് ശശി തരൂർ 'ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്' എന്ന തലക്കെട്ടിൽ പ്രോജക്ട് സിൻഡിക്കേറ്റ് എന്ന വെബ്സൈറ്റിൽ എഴുതിയ ലേഖനം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ഗാന്ധി കുടുംബത്തിനെതിരെ പരോക്ഷ വിമർശനങ്ങളുള്ള ലേഖനം, കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
തരൂരിന്റെ ലേഖനത്തെ മുൻ കോൺഗ്രസ് നേതാവും നിലവിൽ ബിജെപി വക്താവുമായ ഷെഹ്സാദ് പൂനവാല പ്രശംസിച്ചു. അതേസമയം, തരൂർ അപകടകരമായ കളികളാണ് കളിക്കുന്നതെന്ന് ഷെഹ്സാദ് പൂനവാല മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധി 2017-ൽ കോൺഗ്രസ് പ്രസിഡന്റായതിനെ എതിർത്ത് പാർട്ടിയിൽ നിന്ന് പുറത്തുപോയ നേതാവാണ് ഷെഹ്സാദ് പൂനവാല.
സമാജ്‌വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികളിലെ കുടുംബവാഴ്ചയെക്കുറിച്ചാണ് തരൂർ തന്റെ ലേഖനത്തിൽ പ്രധാനമായും പരാമർശിക്കുന്നത്. വംശപരമ്പര രാഷ്ട്രീയ അധികാരം നിർണ്ണയിക്കുമ്പോൾ, ഭരണത്തിന്റെ ഗുണനിലവാരം തകരുമെന്നും തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗാന്ധി കുടുംബം ഇന്ത്യൻ രാഷ്ട്രീയത്തിൽ അപകടകാരിയാണെന്ന് പൂനവാല തരൂരിന് നൽകുന്ന മുന്നറിയിപ്പിൽ പറയുന്നു.ഈ വിഷയത്തിൽ കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ തരൂരിന്റെ ഈ നീക്കം പാർട്ടിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.