ഓപ്പറേഷൻ നുംഖോറിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാൻ കസ്റ്റംസ്. അന്വേഷണത്തിന് തമിഴ്നാട്, കർണാടക പൊലീസിന്‍റെ സഹായം തേടും.പരിശോധന തുടങ്ങിയപ്പോൾ തന്നെ വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപകമായി കടത്തിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചെന്നാണ് കസ്റ്റംസിന്റെ നിഗമനം. എന്നാൽ ഓപ്പറേഷൻ നുംഖോർ പരിശോധനയിലൂടെ ഇന്നലെ വരെ പിടിച്ചെടുത്തത് 39 വാഹനകളാണ്. അന്വേഷിച്ചുചെന്ന പലയിടത്തും കസ്റ്റംസ് സംഘത്തിന് വാഹനം കണ്ടെത്താനായില്ല. ഇതോടെയാണ് അന്വേഷണം ബെംഗളുരൂവിലേക്കും ചെന്നൈയിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. കേസിൽ വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ നൽകിയ ഹർജി നാളെ വീണ്ടും പരിഗണിക്കും. തനിക്ക് തന്നെ വാഹനം വിട്ടു കിട്ടണമെന്നാണ് ദുൽഖർ ഹർജിയിലൂടെ ആവശ്യപ്പെട്ടത്. തുടർന്ന് കോടതി കസ്റ്റംസിനോട് റിപ്പോർട്ട് തേടുകയും ചെയ്തു.