Share this Article
News Malayalam 24x7
ഐ ഡോണ്ട് കെയർ എന്നല്ല വീ കെയർ എന്നാണ് സർക്കാരിൻ്റെ നിലപാട്;സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഒന്നും മുടങ്ങുന്നില്ല; നികുതി പിരിവ് മോശമായി എന്ന അഭിപ്രായം സർക്കാരിനില്ലെന്നും പ്രതിപക്ഷത്തിന് മറുപടിയുമായി ധനമന്ത്രി
വെബ് ടീം
7 hours 33 Minutes Ago
1 min read
minister

തിരുവനന്തപുരം:സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഒന്നും മുടങ്ങുന്നില്ലെന്ന് ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ. ഐ ഡോണ്ട് കെയർ എന്നല്ല വീ കെയർ എന്നാണ് സർക്കാരിൻ്റെ നിലപാടെന്നും ധനമന്ത്രി. സംസ്ഥാനത്ത് നികുതി പിരിവ് മോശമായി എന്ന അഭിപ്രായം സർക്കാരിനില്ലെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. പുതിയ ജിഎസ്‌ടി വന്നപ്പോഴുള്ള പരിമിതികൾ ഉണ്ട്. സംസ്ഥാനത്തെ ധനപ്രതിസന്ധിയിലെ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിൽ മറുപടി നൽകുകയായിരുന്നു ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ.

എല്ലാ മേഖലയിലും ചെയ്തതിന്റെ കണക്കുണ്ട്. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നുണ്ട്. വളരെ ബുദ്ധിമുട്ടിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇത്രയും വെട്ടിക്കുറച്ചിട്ടും പണം ചെലവാക്കിയത് ധനകാര്യ മാനേജ്മെൻ്റ് അല്ലാതെ പിന്നെ എന്താണെന്നും ധനമന്ത്രി ചോദിച്ചു. ഇതുപോലെ സുഭിക്ഷമായ ഒരു ഓണം മുൻപ് ഉണ്ടായിട്ടില്ലെന്നും കെ.എൻ. ബാല​ഗോപാൽ പറഞ്ഞു.

"നവകേരള സദസിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലും ഏഴു കോടി രൂപ വീതം നൽകി. തദ്ദേശ സ്ഥാപനങ്ങൾക്ക് തുക നൽകുന്നതിൽ വർധനയുണ്ടായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് മുഴുവൻ തുകയും കൊടുത്ത് തീർക്കും. അക്കാര്യത്തിൽ വലിയ വിഷമം യുഡിഎഫിന് വേണ്ട.

യുഡിഎഫിന്റെ കാലത്ത് കാത്ത് ലാബ് ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിലല്ലേ ഹൃദയ ഓപ്പറേഷൻ നടക്കൂ. യുഡിഎഫ് കാലത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ് തുടങ്ങി. അവിടെ ഡോക്ടർ വന്നത് പിണറായി സർക്കാർ വന്ന ശേഷമാണ്. ഈ സർക്കാറിന് ഹൃദയം ഇല്ല എന്നല്ല, ഹൃദയപൂർവ്വം ആളുകളെ ചേർത്ത് പിടിക്കുക എന്നാണ്. ഐ ഡോണ്ട് കെയർ എന്നല്ല വീ കെയർ എന്നാണ് സർക്കാരിൻ്റെ നിലപാട്", കെ.എൻ. ബാല​ഗോപാൽ.

എസ്‌സി-എസ്‌ടി സ്കോളർഷിപ്പ് ഇനത്തിൽ കഴിഞ്ഞ സർക്കാർ നൽകിയത് 3853 കോടി രൂപയാണ്. എന്നാൽ 5126 കോടി രൂപയാണ് ഈ സർക്കാർ നൽകിയത്. പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും ധനമന്ത്രി പറഞ്ഞു. നിലവിൽ സർക്കാരിൻ്റെ പ്രതിസന്ധിയെ മറികടക്കാൻ കേന്ദ്ര സർക്കാരിന്റെ നയം മാറണം. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്ന് പറയുന്നത് തെറ്റാണ്. ഏതു മുഖ്യമന്ത്രിയാണ് ഡൽഹിയിൽ പോയി കേന്ദ്രത്തിനെതിരെ സമരം ചെയ്തത്? കേരളത്തിൽ രാഷ്ട്രീയമായി ഫൈറ്റ് ചെയ്യണം. പക്ഷേ അതിന് കേരളം ഉണ്ടാകണം. അതിനുവേണ്ടി ഒരുമിച്ച് സമരം ചെയ്യണമെന്നും കെ.എൻ. ബാല​ഗോപാൽ നിയമസഭയിൽ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories