കൊച്ചി വൈബ് ഇനി വേറെ ലെവൽ. മെട്രോ ട്രെയിനും വാട്ടർ മെട്രോയും സമന്വയിക്കുന്ന രാജ്യത്തെ ആദ്യനഗരമായി കൊച്ചി മാറുകയാണ്. 38 ജെട്ടികളും 78 അത്യാധുനിക ബോട്ടുകളുമായി 76 കിലോമീറ്റർ ദൂരം സർവീസ് നടത്താനൊരുങ്ങുകയാണ് വാട്ടർ മെട്രോ. ഇതിനായി 9 ബോട്ടുകൾ സർവീസിനു ലഭിച്ചുകഴിഞ്ഞു. ഒരേസമയം 100 പേർക്ക് യാത്രചെയ്യാൻ സാധിക്കുന്ന വിധം ഫീഡിങ് റൂം ഉൾപ്പെടെ ഭിന്നശേഷി സൗഹൃദമായാണ് കൊച്ചി വാട്ടർ മെട്രോ. മലിനീകരണം കുറയ്ക്കുക, കൊച്ചിയിലെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുക എന്നിവയാണ് വാട്ടർമെട്രിയുടെ പ്രധാന ലക്ഷ്യങ്ങൾ. ആദ്യഘട്ടത്തിൽ ഹൈക്കോടതി മുതൽ വൈപ്പിൻ വരെയും, വൈറ്റില മുതൽ-കാക്കനാട് വരെയുമാണ് വാട്ടർ മെട്രോ യാത്ര നടത്തുന്നത്. ഗതാഗതക്കുരുക്കിൽ പെടാതെ 20 മിനിറ്റിനുള്ളിൽ ഹൈക്കോടതി ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിലേക്ക് എത്താൻ സാധിക്കും. വൈറ്റിലയിൽ നിന്ന് കാക്കനാടെത്താൻ 25 മിനുട്ട് മാത്രം മതി. വളരെ കുറഞ്ഞ യാത്രാനിരക്കാണ് വാട്ടർമെട്രോയുടെ യാത്രക്കാരെ ആകർഷിക്കുന്ന ഒരു പ്രത്യേകത. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് ചാർജ് വരുന്നത്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും, മാസംതോറും പാസിന് 600 രൂപയും, ത്രൈമാസ പാസിന് 1500 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും, വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും.