Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണ മോഷണം; ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു
Unnikrishnan Potty's Interrogation Continues

സംസ്ഥാനത്ത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. തിരുവനന്തപുരത്തെ കിളിമാനൂരിലുള്ള പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. പോറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. 14 ദിവസത്തെ കസ്റ്റഡിയിലാണ് നിലവിൽ പോറ്റിയുള്ളത്. കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം തെളിവെടുപ്പ് നടക്കും.

സ്വർണ്ണത്തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ചും അതിൽ ഉൾപ്പെട്ടവരെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. പോറ്റിയുടെ കിളിമാനൂരിലെ വീട്ടിൽ എട്ട് മണിക്കൂറോളമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ബാങ്ക് രേഖകളും മറ്റ് അനുബന്ധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചില രേഖകൾ പോറ്റിയുടെ വീടിന് സമീപം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.


കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ചോദ്യം ചെയ്യൽ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പോറ്റി പലരുടെയും പേരുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ പ്രധാനമായും സ്വർണ്ണത്തട്ടിപ്പിലെ മുഖ്യസൂത്രധാരകരെന്ന് കരുതപ്പെടുന്ന കൽപേഷ്, ജാഗേഷ്, മുരാരി ബാബു എന്നിവരുണ്ട്. ശബരിമലയിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസറും മാനേജരുമായിരുന്ന മുരാരി ബാബുവിനെ ചോദ്യം ചെയ്യാനായി ഉടൻ വിളിപ്പിക്കുമെന്നും വിവരമുണ്ട്. നിലവിൽ സസ്പെൻഷനിലാണ് മുരാരി ബാബു.


ശബരിമല ക്ഷേത്രത്തിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട തട്ടിപ്പാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം. എത്ര സ്വർണ്ണം ഉപയോഗിച്ചു, എത്ര തട്ടിയെടുത്തു തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്. ശബരിമലയുടെ ആവശ്യങ്ങൾക്കായി ബെംഗളൂരുവിലെയും ചെന്നൈയിലെയും വ്യവസായികളിൽ നിന്ന് പോറ്റി സ്വർണ്ണവും പണവും പിരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.


അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രസിഡന്റിനെയും ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. ദേവസ്വം ബോർഡിന്റെ റിപ്പോർട്ടും പരിശോധനയിൽ കണ്ടെത്തിയ വസ്തുക്കളും തമ്മിൽ ഒത്തുനോക്കുന്നുണ്ട്. ചോദ്യം ചെയ്യൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അതിനുശേഷം ചെന്നൈ, ശബരിമല എന്നിവിടങ്ങളിലടക്കം തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories