മണിപ്പൂരിൽ വംശീയ കലാപം ആരംഭിച്ച് രണ്ട് വർഷവും നാല് മാസവും പിന്നിട്ടതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സംസ്ഥാനം സന്ദർശിക്കും. കലാപബാധിത പ്രദേശങ്ങളായ ഇംഫാലും ചുരാചന്ദ്പൂരും അദ്ദേഹം സന്ദർശിക്കും. വംശീയ കലാപത്തിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.
നാളെ രാവിലെ മിസോറാമിൽ നിന്ന് സൈനിക ഹെലികോപ്റ്ററിൽ ചുരാചന്ദ്പൂരിലെ ബി.എസ്.എഫ്. ട്രെയിനിംഗ് ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രി, തുടർന്ന് പീസ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും. ചുരാചന്ദ്പൂരിലെ കുക്കി വിഭാഗങ്ങളുമായും ഇംഫലിലെ മെയ്തേയ് വിഭാഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഏകദേശം ഒന്നര മണിക്കൂറോളം അദ്ദേഹം മണിപ്പൂരിൽ ചിലവഴിക്കുമെന്നാണ് വിവരം. കൂടാതെ, 8,500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കലാപം ആരംഭിച്ച മെയ് 2023 മുതൽ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തതിനെതിരെ പ്രതിപക്ഷം വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയിരുന്നു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ നേരത്തെ സംസ്ഥാനം സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പോലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ചില നിരോധിത സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.