പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യഹർജിയിൽ അറസ്റ്റ് തടയാൻ തിരുവനന്തപുരം സെഷൻസ് കോടതി വിസമ്മതിച്ചു. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി.
ആദ്യത്തെ കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിൽ സെഷൻസ് കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കാത്തത്. അറസ്റ്റ് തടയാൻ കോടതി ഉത്തരവിടാത്ത സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളില്ല. ഇത് രാഹുലിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ബെംഗളൂരു സ്വദേശിയായ 23-കാരി നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് രാഹുലിനെതിരെ രണ്ടാമത്തെ കേസെടുത്തിരിക്കുന്നത്. 2023-ൽ വിവാഹവാഗ്ദാനം നൽകി കാറിൽ കൂട്ടിക്കൊണ്ടുപോയി റിസോർട്ടിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചു എന്നും ശരീരത്തിൽ മുറിവേൽപ്പിച്ചു എന്നുമാണ് പരാതി. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഫെനിയാണ് കാർ ഓടിച്ചിരുന്നതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
കഴിഞ്ഞ പത്ത് ദിവസമായി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. ബെംഗളൂരുവിൽ രാഹുൽ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിനിടെ പൊലീസ് എത്തുന്നു എന്ന വിവരം ചോർന്ന് കിട്ടിയതിനെ തുടർന്ന് അഭിഭാഷകന്റെ സഹായത്തോടെ രാഹുൽ താവളം മാറ്റിയതായും സൂചനയുണ്ട്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയുടെ നിലപാട് നിർണ്ണായകമാകും. തനിക്കെതിരെയുള്ളത് രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്നുമാണ് രാഹുലിന്റെ വാദം.