Share this Article
News Malayalam 24x7
കടത്തുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാകാം; ഡൽഹിയിലേത് ചാവേർ സ്ഫോടനമല്ലെന്ന് നിഗമനം
വെബ് ടീം
posted on 11-11-2025
1 min read
DELHI BLAST

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെയുണ്ടായ കാർ സ്ഫോടനം ആസൂത്രിതമായ ചാവേർ സ്ഫോടനമല്ലെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ. സ്ഫോടക വസ്തുക്കൾ കടത്തുന്നതിനിടെയുണ്ടായ പരിഭ്രാന്തിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ. ഐഇഡി നിർമാണം പൂർണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ സ്ഫോടനമാണ് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

ഫരീദാബാദിൽ 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും വിവിധയിടങ്ങളിൽ റെയ്ഡുകൾ നടക്കുകയും ചെയ്തതിനെ തുടർന്നുള്ള പരിഭ്രാന്തിയിൽ കാറിൽ സ്ഫോടക വസ്തുക്കൾ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ സംഭവിച്ചതാകാം സ്ഫോടനമെന്നാണ് നിഗമനം.

ഇന്നലെ വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനമുണ്ടായത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിച്ചു. കാറിൽ മൂന്നുപേരുണ്ടായിരുന്നെന്നാണ് സൂചന.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories