Share this Article
News Malayalam 24x7
ശബരിമല സ്വർണക്കവർച്ച കേസ്; SITയുടെ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും
Sabarimala Gold Robbery Case

ശബരിമല സ്വർണ്ണക്കവർച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കേസിൽ കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നും SIT ഹൈക്കോടതിയെ അറിയിക്കും.


അന്വേഷണത്തിൽ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ എൻ. വാസുവിന്റെ പങ്ക് വെളിവാക്കുന്ന നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. 2019 ലും 2020 ലുമാണ് എൻ. വാസുവിന്റെ നിർദ്ദേശപ്രകാരം 'ചെമ്പ് പാളികൾ' എന്ന് രേഖപ്പെടുത്തി സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക ശിൽപങ്ങൾ നീക്കം ചെയ്തത്. ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ചപ്പോഴാണ് എൻ. വാസുവിന്റെ പങ്ക് വ്യക്തമായത്. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സതീഷ് കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻ. വാസുവിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന ചില രേഖകൾ ലഭിച്ചിരുന്നു. എൻ. വാസുവിനെ നേരത്തെ ചോദ്യം ചെയ്തിരുന്നുവെങ്കിലും, കൂടുതൽ വ്യക്തത വരുത്തുന്നതിനായി അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് SIT കരുതുന്നു.


സതീഷ് കുമാറും, ഊരാളി ഭാവുവും, ഉണ്ണികൃഷ്ണൻ പോറ്റിയും ചേർന്ന് നടത്തിയ 2019-ലെ കളവുകൾ എന്നാണ് SIT ഇതിനെ ഇപ്പോൾ കണക്കാക്കുന്നത്. ഈ കളവുകളിൽ എത്രമാത്രം സ്വർണ്ണം നഷ്ടമായി എന്നതിന്റെ കൃത്യമായ കണക്കുകളും, അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ഉൾപ്പെടെയുള്ള ഉന്നതരുടെ പങ്കും SIT അന്വേഷിക്കുന്നുണ്ട്. 1999-ൽ വിജയമല്ല്യ പൂശിയ ദ്വാരപാലക ശിൽപത്തിന്റെ അളവിനെക്കുറിച്ചും അന്നത്തെ കവചത്തിൽ എത്രമാത്രം സ്വർണ്ണം ഉപയോഗിച്ചിരുന്നു എന്നതിനെക്കുറിച്ചും കൃത്യമായ കണക്കുകൾ ലഭിക്കേണ്ടതുണ്ടെന്ന് SIT അറിയിച്ചു.


അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ട്രാവൻകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റും മറ്റ് അംഗങ്ങളും ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് SIT. ഈ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനും നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ കണക്കുകൾ ലഭിക്കുന്നതിനും കൂടുതൽ സമയം ആവശ്യമാണെന്ന് SIT ഹൈക്കോടതിയെ ബോധിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories