ലൈംഗിക ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച വിഷയത്തിൽ തിടുക്കത്തിൽ ഒരു തീരുമാനമെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം. വിഷയം പാർട്ടി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ചർച്ച ചെയ്യാമെന്നാണ് കെപിസിസിയുടെ നിലപാട്. സംസ്ഥാന നേതൃത്വത്തിന്റെ ഈ തീരുമാനത്തിന് ഹൈക്കമാൻഡും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പാർട്ടി തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പേര് വെളിപ്പെടുത്താത്ത ഒരു യുവനടിയുടെ ആരോപണങ്ങൾക്ക് പുറമെ, രാഹുൽ നടത്തിയെന്ന് പറയപ്പെടുന്ന ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും ഓഡിയോ ക്ലിപ്പുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
വിഷയത്തിൽ അടിയന്തര തീരുമാനം ഉണ്ടാകില്ലെന്നും, രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുകയെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.