നൂറനാട് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമായ മർദ്ദനത്തിനിരയായ നാലാം ക്ലാസുകാരിയെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് സന്ദർശിക്കും. കുട്ടിയുടെ പിതാവ് അൻസാർ, രണ്ടാനമ്മ ഷബീന എന്നിവരെ കഴിഞ്ഞ ദിവസം നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെ ചാരുംമൂടുള്ള കുട്ടിയുടെ മുത്തശ്ശിയുടെ വീട്ടിലെത്തിയാണ് മന്ത്രി കുട്ടിയെ കാണുക. ബാലാവകാശ കമ്മീഷൻ്റെ നിർദേശപ്രകാരം കുട്ടിയുടെ താൽക്കാലിക സംരക്ഷണം പിതാവിൻ്റെ അമ്മയെ ഏൽപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ പഠനച്ചെലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സ്കൂളിലെത്തിയ കുട്ടിയുടെ കവിളിൽ പാട് കണ്ട അധ്യാപകർ വിവരം തിരക്കിയതോടെയാണ് ക്രൂരമായ പീഡനത്തിന്റെ വിവരം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ ചീത്ത വിളിച്ചതിനും മർദ്ദിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷൻ, നൂറനാട് പൊലീസിനോടും ശിശുക്ഷേമ സമിതി ജില്ലാ ഓഫീസറോടും ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് സമാനമായ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പീഡനം ഏൽക്കുന്ന കുട്ടികളെ കണ്ടെത്തി സ്കൂളുകളിൽ പ്രത്യേക സംരക്ഷണം ഉറപ്പാക്കാൻ അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.