Share this Article
News Malayalam 24x7
ഭിന്നശേഷി സംവരണം; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍
Government to Extend Disabled Reservation Norms to All Managements

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിർണ്ണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. എൻ.എസ്.എസ്. (NSS) മാനേജ്‌മെന്റിന് കീഴിലുള്ള സ്കൂളുകൾക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച നിയമോപദേശം സർക്കാരിന് ലഭിച്ചുകഴിഞ്ഞു.

സംവരണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ്. മാനേജ്‌മെന്റിന് സുപ്രീംകോടതിയിൽ നിന്ന് ലഭിച്ച ഇളവുകൾ തങ്ങൾക്കും വേണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകൾ ഉൾപ്പെടെയുള്ള മറ്റ് എയ്ഡഡ് മാനേജ്‌മെന്റുകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാവർക്കും ഒരേ നിയമം ബാധകമാക്കിക്കൊണ്ട് ഉത്തരവിറക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.


നേരത്തെ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ക്രൈസ്തവ സഭാ അധ്യക്ഷന്മാരുമായി ഈ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. കർദ്ദിനാൾ മാർ ക്ലിമ്മീസ് കാതോലിക്കാ ബാവ ഉൾപ്പെടെയുള്ളവർ സർക്കാരിന്റെ മുൻ നിലപാടിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. നിയമസഭയിൽ ഇതുസംബന്ധിച്ച് മന്ത്രി പ്രത്യേക പ്രസ്താവനയും നടത്തിയിരുന്നു.


നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കും സർക്കാരിന്റെ പുതിയ ഉത്തരവ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മാനേജ്‌മെന്റുകളെയും മതവിഭാഗങ്ങളെയും അനുനയിപ്പിക്കുക എന്ന ലക്ഷ്യം കൂടി സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിലുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories