തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന 45 സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ 1557 പ്രത്യേക പരിശോധനകൾക്ക് ശേഷമാണ് കടകൾ പൂട്ടിച്ചത്. ഓഗസ്റ്റ് 5, 6 തീയതികളിൽ രാത്രികാലങ്ങളിലായി 59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്.256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി.
വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെയ്പ്പിച്ചത്. ഷവര്‍മ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധനകളും നടന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.