 
                                 
                        തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മാത്രമാണ് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിരുന്നത്.
പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് എറണാകുളം ജില്ലയില്‍ മഴ മുന്നറിയിപ്പ് ഇല്ല.
അതേസമയം ഇരട്ടചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കോഴിക്കോട്, വയനാട് എന്നി ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആറു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കന്‍ തമിഴ്‌നാടിന് മുകളിലായും ലക്ഷദ്വീപിന് മുകളിലായുമാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. അതിനാല്‍ കേരളത്തില്‍ അടുത്ത രണ്ടുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെ (ഞായറാഴ്ച) പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    