വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു. വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഗവർണർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്.
വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിക്ക് ഒരു പങ്കും നൽകരുതെന്ന് ഗവർണർ ഉപഹർജിയിൽ ചൂണ്ടിക്കാട്ടി. പട്ടികയ്ക്ക് മുൻഗണന നൽകുന്നതും അംഗീകാരം നൽകുന്നതും വൈസ് ചാൻസലറാണെന്നും, ഇതിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ തന്റെ വിവേചനാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ഗവർണർ വാദിക്കുന്നു.
നേരത്തെ, സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ഡിജിറ്റൽ യൂണിവേഴ്സിറ്റി, സാങ്കേതിക സർവകലാശാല എന്നിവിടങ്ങളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിനായി സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ മറ്റ് സർവകലാശാലകളിലേക്കുള്ള നിയമന നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗവർണർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഗവർണറുടെ ഹർജി സുപ്രീം കോടതി ഉടൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.