സാമ്പത്തിക തട്ടിപ്പ്, ലൈംഗികാതിക്രമം എന്നീ കേസുകളിൽ പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്ത കേസിലാണ് നടപടി.
ഇയാളെ ഇന്ന് പുലർച്ചെ നാല് മണിയോടെ ആഗ്രയിലെ ഒരു ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ഒരു മാസത്തോളമായി ഇയാൾ ഒളിവിലായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു. ഇതിനെ തുടർന്ന് ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ വെള്ളിയാഴ്ച കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പിജി ഡിപ്ലോമക്ക് പഠിക്കുന്ന വിദ്യാർഥിനികളാണ് ഇയാൾക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. മോശമായ രീതിയിൽ ടെക്സ്റ്റ് മെസ്സേജുകൾ അയക്കുക, ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുക, ലൈംഗികച്ചുവയോടെ സംസാരിക്കുക തുടങ്ങിയ ആരോപണങ്ങളാണ് വിദ്യാർഥിനികൾ ഉന്നയിച്ചിരിക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിനികളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ മൊബൈൽ ഫോണുകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും പിടിച്ചുവെച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിന് ശേഷം സ്വാമി ചൈതന്യാനന്ദയെ തുടർനടപടികൾക്കായി ഡൽഹിയിലെത്തിക്കും. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.