മഴ ശക്തമാകുന്നതിന് പിന്നാലെ വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നതിനാൽ പ്രളയ സാധ്യത പ്രവചിച്ച് ദുരന്ത നിവാരണ അതോറിറ്റി.കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതോടൊപ്പം, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നൽകി. ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്താൻ നിർദ്ദേശം. നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പുണ്ട്.