ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളി വിവാദം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിലെ ദുരൂഹതയും, പാളികളുടെ തൂക്കത്തിൽ കുറവ് വന്നെന്ന കണ്ടെത്തലുമാണ് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുന്നത്.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ പതിച്ചിരുന്ന സ്വർണ്ണപ്പാളികൾക്കാണ് തൂക്കക്കുറവ് കണ്ടെത്തിയത്. സന്നിധാനത്ത് നിന്ന് കൊണ്ടുപോകുമ്പോൾ 42 കിലോയുണ്ടായിരുന്ന സ്വർണ്ണത്തിന് ചെന്നൈയിലെത്തിച്ചപ്പോൾ 38 കിലോ മാത്രമാണുണ്ടായിരുന്നത്.നാലര കിലോയോളം സ്വർണ്ണം കുറഞ്ഞത് എങ്ങനെ എന്ന് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ ദേവസ്വം വിജിലൻസ് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
മുൻപ് 1999-ൽ സ്വർണ്ണം പൂശിയിരുന്ന ദ്വാരപാലക ശില്പങ്ങൾ, 2019-ൽ വീണ്ടും മിനുക്കുപണികൾക്കായി കൊണ്ടുപോയതിലാണ് ക്രമക്കേടുകൾ നടന്നിരിക്കുന്നതെന്നാണ് ആരോപണം. ദേവസ്വം ബോർഡിന്റെ രേഖകളിലെ പൊരുത്തക്കേടുകളും യഥാർത്ഥ സ്വർണ്ണത്തിന്റെ വിവരങ്ങളിലെ അവ്യക്തതകളും വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവാദങ്ങൾക്കിടെ നടക്കുന്ന ആഗോള അയ്യപ്പ സംഗമവും പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും.സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അതേസമയം, വന്യജീവി നിയമഭേദഗതി ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിടാൻ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒരുപോലെ പിന്തുണച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്ന സാഹചര്യത്തിൽ നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.